Thursday, December 13, 2012

പര്യവസാനം.

ഒരുപാടു കൈകളില്‍---
നിന്നൂര്‍ന്നുവീണാറടി-
മണ്ണിലേക്കെടുക്കുമ്പോഴും
സമയമില്ലെനിക്കിനിയൊന്നിനും
ശിക്ഷകള്‍ ഏറ്റുവാങ്ങീടുക
തന്നെ നിശ്ചയം.

Tuesday, December 11, 2012


തൂങ്ങുന്നതിനിടയില്‍
മരക്കൊമ്പ് പൊട്ടി 
വീണതുകൊണ്ടാവാം
അരത്തൂങ്ങിയെന്നെനിക്ക്
പേരുവീണത്.

Saturday, December 8, 2012


ഉറങ്ങി-കിടക്കുന്നവര്‍!


നമ്മളൊക്കെ പട്ടുമെത്തകളില്‍ 
കിടന്നിട്ടും ഉറക്കം വരാതെ..
ശീതീകരിച്ച മുറികളില്‍ 
ഭാരമേറിയ കമ്പിളികള്‍ക്കുള്ളില്‍
തിരിഞ്ഞും മറിഞ്ഞും..
തിന്നുവീര്‍പ്പിച്ച വയറും തടവി 
ഉദയം കാണും വരെ
ഉറക്കം വരാതെയങ്ങിനെ...

അങ്ങ്..കടത്തിണ്ണകളില്‍
ഉറങ്ങി-കിടക്കുന്ന ആത്മാവുകള്‍!!!
പരുക്കന്‍ പുതപ്പുകള്‍ക്കുള്ളില്‍ 
ഒട്ടിയ വയറുമായി
നാളെയെക്കുറിച്ച അലട്ടലുകളില്ലാതെ 
സുഖനിദ്രയില്‍!!.!

അസൂയാവഹം ഈ ഉറക്കം!
എവിടുന്നു വിലകൊടുത്തു വാങ്ങുമീ മയക്കം!!

Friday, October 5, 2012


എന്‍റെ പേനയില്‍ നിന്നുതിര്‍ന്നുവീഴുന്ന
അക്ഷരങ്ങളിലെ അനാട്ടമിയില്‍
പ്രാസങ്ങള്‍ കടന്നുകൂടാതിരിക്കാന്‍
ഞാന്‍ ശ്രമിക്കുമ്പോഴും
സമാസങ്ങള്‍ വഴിമാറുമ്പോഴും  
എന്‍റെ മനസ്സ്, വരികള്‍ക്കിടയില്‍
വര്‍ണ്ണനകള്‍ ആവശ്യമില്ലാത്ത
നിന്നെ തേടുകയായിരുന്നു.

ഇലപോഴിയുമ്പോള്‍
മരങ്ങള്‍ കരയാറുണ്ടോ?!
ചില്ലകളില്‍ നിന്നും
ഭാരം കൊഴിയുമ്പോള്‍
സന്തോഷിക്കുന്നുണ്ടാവില്ലേ?!
അതോ, കൂടെ ഒന്നായ്‌ കഴിഞ്ഞിട്ട്
വിട്ടകലുമ്പോള്‍ കരയുന്നുണ്ടാകുമോ?!
മരങ്ങള്‍ കരയാറുണ്ടോ?!

Thursday, September 13, 2012


അമ്മയുടെ മുലപ്പാലിനു
സ്നേഹത്തിന്‍റെ
മാധുര്യമുണ്ടായിരുന്നു,
കാമുകിയുടെതിനു
സ്വാര്‍ത്ഥതയുടെ കയ്പ്പും!

പരിഹസിക്കപ്പെടുന്ന ജീവിതത്തിലെ
കഥാപാത്രങ്ങളാകാന്‍ സ്വയം
വിധിയെഴുതി കഴുത്തില്‍
അലങ്കാരമായി കൊണ്ടുനടക്കുന്നവരുടെ
കൂട്ടത്തില്‍ എന്നെ നീ കണ്ടാല്‍
എറിഞ്ഞുകൊല്ലുക!
അതാകും ഞാന്‍ അര്‍ഹിക്കുന്ന
ഏറ്റവും ഉത്‌കൃഷ്ട്ടമായ ഉപഹാരം!