Wednesday, September 7, 2011

കാലം.

കാനുവാനെനിക്ക് കണ്കളില്ലെങ്കിലും
കാണ്മതേറെ ഞാന്‍ കാലത്തിന്‍ കലഹങ്ങള്‍
കേള്ല്ക്കുവാനെനിക്ക് കാതുകളില്ലെന്നാകിലും
കേള്‍പ്പതേറെ ഞാന്‍ കാലത്തിന്‍ കപട മന്ത്രങ്ങള്‍.

Tuesday, August 16, 2011

പ്രണയം.കാമം.മരണം.

പ്രണയം.
കത്തി നില്‍ക്കുന്ന
കൌമാരത്തിലേക്കൊഴിച്ച
ഇന്ധനമായിരുന്നു.

കാമം.
ജ്വലിച്ചുകൊണ്ടിരുന്ന
യൌവ്വനത്തിനുമേല്‍
പെയ്തിറങ്ങിയ
പേമാരിയും.

മരണം.
കത്തുന്ന ചിതക്ക്‌ മുകളില്‍
മഴപെയ്തു കുതിര്‍ന്നാലും
തിരിച്ചുകിട്ടാത്തൊരു
ഏകാന്ത യാത്ര.

Wednesday, July 6, 2011

ഉപമ

"നീ എന്‍റെ കൂടെ ഇറങ്ങി വരികയാണെങ്കില്‍ ഞാന്‍ നിന്നെ 'പൊന്നു'പോലെ നോക്കാം". "ഇല്ലെങ്കിലോ?", "ഇല്ലെങ്കില്‍ 'വെള്ളി'പോലെയെങ്കിലും. "പൊന്നും വെള്ളിയുമാല്ലാതെ മറ്റൊന്നുമില്ലേ ഉപമിക്കാന്‍?", 'നിങ്ങള്‍ സ്ത്രീകളെ ഉപമിക്കാന്‍ ഇതിനേക്കാള്‍ നല്ല വേറെന്തുണ്ട്‌?"

മണ്ണപ്പം

സരളേ, നീ ഓര്‍ക്കുന്നുണ്ടോ പണ്ട് നമ്മള്‍ മണ്ണപ്പം ചുട്ടു കളിച്ചത്? ചിരട്ടയില്‍ മണലും ചെങ്കല്‍ പൊടിയും നിറച്ച് ഞാന്‍ നിനക്ക് ചുട്ടു തരുന്ന മണ്ണപ്പം കണ്ട് നീ ആഹ്ലാദിക്കുമായിരുന്നു. കുഞ്ഞിരാമേട്ടാ നിങ്ങള്‍ ഇപ്പോഴും അതൊന്നും മറന്നിട്ടില്ലേ? ഹും! എങ്ങിനെ മറക്കാന്‍?! ഇപ്പോള്‍ നീ ചുട്ടു തരുന്ന അപ്പത്തിലും അതൊക്കെ തന്നെയല്ലേ ഉള്ളത്!

Wednesday, June 8, 2011

കാഴ്ച്ചയുടെ ലോകം

കണ്ണിനു സുഖമുള്ള കാഴ്ചകളല്ല പലപ്പോഴും നമുക്ക് ചുറ്റും കാണുന്നത്. അപശ്രുതി കാതുകള്‍ക്ക് അരോജകമാകുന്നത് പോലെ അവലക്ഷണമാകുന്നവ കണ്ണുകള്‍ക്കും അപ്രിയങ്ങളാകുന്നു. ഒരു നിമിഷം മനസ്സില്‍ ഉടക്കി പോകുന്ന ചില കാഴ്ചകള്‍ ഉണ്ടാകാം. കണ്‍ വെട്ടത്തു നിന്ന് മറഞ്ഞാലും പിന്നെയും പിന്നെയും മനസ്സിന്‍റെ അഭ്രപാളികളില്‍ ആ ചിത്രം മിന്നി മറയും. വീണ്ടും വീണ്ടും കാണാന്‍ ആശിക്കുന്നത്. ഇനി ഒരിക്കലും കാണാന്‍ ഇടവരുത്തരുതേ എന്ന് മനമുരുകി ആഗ്രഹിക്കുന്നത്. കാഴ്ച്ചയുടെ ലോകം ഇങ്ങിനെയൊക്കെയാണ്.

Saturday, June 4, 2011

മുട്ടിപ്പരലിനെ തട്ടി പിടിച്ച കാലം..

അമ്മായിമ്മ പൂട്ടാ, വാലുമ്മ പുള്ളി, കോട്ടി...അങ്ങിനെ എന്തൊക്കെ മീനുകള്‍..ഓരോ തട്ടിനും ഒരു കൂട്ടം! എല്ലാം കൂടി ചേമ്പിന്‍റെ ഇല കുംബിളാക്കി അതില്‍ വെള്ളം നിറച്ചു കിട്ടിയ മീനുമായി വീട്ടിലേക്കൊരു വരവുണ്ട്! ഏകദേശം മഗരിബ് ബാങ്കിന്‍റെ സമയമായിട്ടുണ്ടാവും. ദൂരെ നിന്ന് തന്നെ ചൂരലും പിടിച്ചു വരവേല്‍ക്കാന്‍ നില്‍ക്കുന്ന ബാപ്പയെ കാണാം....രാത്രി , തുടയിലെ ചൂരല്‍ പാട് പോകാന്‍ ഉമ്മ എന്തൊക്കെയോ വെച്ച് തിരുമ്മി തരും. കണ്ണുനീര്‍ കവിളിലൂടെ ഊര്‍ന്നിറങ്ങി തലയിണ നനയുമ്പോള്‍ മുഖം തലയിണയില്‍ ഒന്ന് കൂടി അമര്‍ത്തി വെക്കും. തേങ്ങലിന്‍റെ ശബ്ദം പുറത്തു പോകാതിരിക്കാന്‍. കണ്ണുനീരിനു ഉപ്പിന്‍റെ രസമാണെന്ന് അറിഞ്ഞ നാളുകള്‍!

Monday, May 30, 2011

എന്‍റെ നിഴല്‍ പാടുകള്‍

കാലത്തിനു മായ്ക്കാന്‍ കഴിയാത്ത എന്‍റെ നിഴല്‍ പാടുകള്‍ എന്നെ വേട്ടയാടുന്നു. പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍, ഉണങ്ങാത്ത ചില മുറിവുകള്‍. വെച്ചുകെട്ടലുകള്‍‍ക്കിടയിലൂടെ നീരോലിക്കുമ്പോള്‍ വേദനിക്കുന്നത് മറ്റാര്‍ക്കൊക്കെയോ ആണ്. ഇരുണ്ട വിജനതയിലൂടെ ആയിരുന്നോ എന്‍റെ യാത്ര?..കണ്ണടച്ചു സ്വയം ഇരുട്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ട് പലപ്പോഴും. അപ്പോഴൊക്കെയും പിറകില്‍ നിന്നുള്ള വിളികള്‍ എനിക്ക് ചുറ്റും ഒരു കാന്ത വലയം സൃഷ്ട്ടിച്ചിരുന്നു. കെട്ടുറപ്പുള്ള ചുറ്റുപാടില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിച്ചപ്പോള്‍ ബന്ധങ്ങള്‍ തീര്‍ത്ത കുരുക്കുകളില്‍ അറിയാതെ തല കുനിച്ചു കൊടുക്കേണ്ടി വന്നു. ഇനിയുള്ള യാത്രകള്‍ തികച്ചും യാന്ത്രികം മാത്രം.