Wednesday, June 8, 2011

കാഴ്ച്ചയുടെ ലോകം

കണ്ണിനു സുഖമുള്ള കാഴ്ചകളല്ല പലപ്പോഴും നമുക്ക് ചുറ്റും കാണുന്നത്. അപശ്രുതി കാതുകള്‍ക്ക് അരോജകമാകുന്നത് പോലെ അവലക്ഷണമാകുന്നവ കണ്ണുകള്‍ക്കും അപ്രിയങ്ങളാകുന്നു. ഒരു നിമിഷം മനസ്സില്‍ ഉടക്കി പോകുന്ന ചില കാഴ്ചകള്‍ ഉണ്ടാകാം. കണ്‍ വെട്ടത്തു നിന്ന് മറഞ്ഞാലും പിന്നെയും പിന്നെയും മനസ്സിന്‍റെ അഭ്രപാളികളില്‍ ആ ചിത്രം മിന്നി മറയും. വീണ്ടും വീണ്ടും കാണാന്‍ ആശിക്കുന്നത്. ഇനി ഒരിക്കലും കാണാന്‍ ഇടവരുത്തരുതേ എന്ന് മനമുരുകി ആഗ്രഹിക്കുന്നത്. കാഴ്ച്ചയുടെ ലോകം ഇങ്ങിനെയൊക്കെയാണ്.

Saturday, June 4, 2011

മുട്ടിപ്പരലിനെ തട്ടി പിടിച്ച കാലം..

അമ്മായിമ്മ പൂട്ടാ, വാലുമ്മ പുള്ളി, കോട്ടി...അങ്ങിനെ എന്തൊക്കെ മീനുകള്‍..ഓരോ തട്ടിനും ഒരു കൂട്ടം! എല്ലാം കൂടി ചേമ്പിന്‍റെ ഇല കുംബിളാക്കി അതില്‍ വെള്ളം നിറച്ചു കിട്ടിയ മീനുമായി വീട്ടിലേക്കൊരു വരവുണ്ട്! ഏകദേശം മഗരിബ് ബാങ്കിന്‍റെ സമയമായിട്ടുണ്ടാവും. ദൂരെ നിന്ന് തന്നെ ചൂരലും പിടിച്ചു വരവേല്‍ക്കാന്‍ നില്‍ക്കുന്ന ബാപ്പയെ കാണാം....രാത്രി , തുടയിലെ ചൂരല്‍ പാട് പോകാന്‍ ഉമ്മ എന്തൊക്കെയോ വെച്ച് തിരുമ്മി തരും. കണ്ണുനീര്‍ കവിളിലൂടെ ഊര്‍ന്നിറങ്ങി തലയിണ നനയുമ്പോള്‍ മുഖം തലയിണയില്‍ ഒന്ന് കൂടി അമര്‍ത്തി വെക്കും. തേങ്ങലിന്‍റെ ശബ്ദം പുറത്തു പോകാതിരിക്കാന്‍. കണ്ണുനീരിനു ഉപ്പിന്‍റെ രസമാണെന്ന് അറിഞ്ഞ നാളുകള്‍!