Monday, August 9, 2010

ഒറ്റപ്പെടലിന്റെ വേദനയില്‍ ശാന്താദേവി



വെള്ളിത്തിരയിലും 
നാടകവേദിയിലും അനശ്വര ചിത്രങ്ങള്‍ ഒരുക്കിയ കോഴിക്കോട് ശാന്താദേവിയിന്ന് കഥാപാത്രങ്ങളും ഉറ്റവരും കയ്യൊഴിഞ്ഞതിന്റ വേദനയിലാണ്.


നല്ലളത്തെ വീട്ടില്‍ പ്രായത്തിന്റെ അവശതകള്‍ക്കിടയിലും തന്നെ തേടിയെത്തുന്ന കഥാപാത്രങ്ങളെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മലയാളികളുടെ സ്‌നേഹമയിയായ ഈ അമ്മ. മൂത്തമകന്‍ സുരേഷ്ബാബുവിനും കുടുംബത്തിനുമൊപ്പമായിരുന്നു നേരത്തേ ശാന്താദേവി താമസം. രണ്ടുമാസം മുമ്പ് മകനും കുടുംബവും സേലത്തേക്ക് താമസം മാറ്റി. അതോടെ വാര്‍ധക്യത്തിന്റെ അവശതകളെ നേരിടാനാകാതെ തളരുകയാണിവര്‍.


മകനും കുടുംബവും താമസം മാറുമ്പോള്‍ മുറികളെല്ലാം പൂട്ടിയതിനാല്‍ വീട്ടിലെ സ്വീകരണ മുറിയിലാണ് ഉറക്കവും വിശ്രമവുമെല്ലാം. തൊട്ടടുത്തുള്ള അടച്ചുറപ്പില്ലാത്ത മുറിയില്‍ സാംസ്‌കാരിക കേരളം നല്കിയ ബഹുമതികളും അവാര്‍ഡുകളും അലങ്കോലമായി കിടക്കുന്നു. സ്വന്തമായി ഭക്ഷണമുണ്ടാക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണിന്നിവര്‍.


അയല്‍വാസികള്‍ സ്‌നേഹത്തോടെ നല്കുന്ന ആഹാരം മാത്രമാണ് ആശ്രയം. പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയവ ശാരീരികമായി തളര്‍ത്തുന്നു. രണ്ട്മാസം മുമ്പ് കാലിനേറ്റ പരിക്ക്മൂലം ഒരടിപോലും ഒറ്റയ്ക്ക് നടക്കാനാകില്ല. ഊന്നുവടിയുടെ സഹായത്തോടെ നടക്കുന്നതിനിടെ വീണ് തലയ്ക്ക് പലകുറി പരിക്കേറ്റു.


രഞ്ജിത്ത് സാക്ഷാത്കാരം നിര്‍വഹിച്ച 'കേരളകഫേ'യില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത 'ദ ബ്രിഡ്ജ്' എന്ന ഹ്രസ്വസിനിമ ശാന്താദേവി ഒടുവില്‍ വേഷമിട്ട ചിത്രങ്ങളിലൊന്നാണ്. ഈ ചിത്രത്തില്‍ നിസ്സഹായനായ മകന്‍ ഉപേക്ഷിക്കുന്ന വൃദ്ധയായ അമ്മയുടെ വേഷമാണ് അവര്‍ക്ക്. അത് അനുസ്മരിപ്പിക്കുന്ന ജീവിതമാണ് ഇപ്പോള്‍.


1992ല്‍ 'യമനം' സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കു ലഭിച്ച ദേശീയ പുരസ്‌കാരം ഉള്‍പ്പെടെയുള്ള അവാര്‍ഡുകള്‍ മാറോടടുക്കുമ്പോഴും തന്നെ ഒറ്റപ്പെടുത്തിയവരെ തള്ളിപ്പറയാന്‍ ഈ അമ്മയ്ക്കാകുന്നില്ല. 480ലേറെ ചലച്ചിത്രങ്ങള്‍, കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്, സംഘടനകളുടെയും പ്രസ്ഥാനങ്ങളുടേതുമടക്കം നൂറ്കണക്കിന് അവാര്‍ഡുകള്‍, ബഹുമതികള്‍. എന്നിട്ടും ഒപ്പമുണ്ടായിരുന്നവര്‍ ഇവരെ വിസ്മൃതിയിലേക്ക് തള്ളി. എപ്പോഴെങ്കിലും തേടിയെത്തുന്ന കഥാപാത്രങ്ങള്‍ മാത്രമാണ് ഈ അഭിനേത്രിക്ക് മുന്നോട്ടുള്ള ജീവിതത്തിന് ആശ്രയം.


നല്ലളത്തെ വീട്ടില്‍ ഒപ്പമുള്ള കൊച്ചുമകന്‍ മാത്രമാണിന്നവര്‍ക്ക് ഏക ആശ്രയം. ഇവരുടെ അവസ്ഥയറിഞ്ഞ് നിലമ്പൂര്‍ ബാലന്റെ ഭാര്യ വിജയലക്ഷ്മിയും നിലമ്പൂര്‍ ആയിഷയും തിങ്കളാഴ്ച വീട്ടിലെത്തിയിരുന്നു. നഗരത്തിലെ സ്വകാര്യാസ്​പത്രി സൗജന്യ ചികിത്സയുമായി മുന്നോട്ടുവന്നിട്ടുണ്ട്. എന്നാല്‍ മരുന്നുകളും ചികിത്സകളുമായി ആസ്​പത്രിക്കിടക്കയിലായാല്‍ തന്നെ തേടിയെത്തുന്ന കഥാപാത്രങ്ങളെ നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് ശാന്താദേവി.

No comments:

Post a Comment