Thursday, August 26, 2010

ചലച്ചിത്രം ഇന്ത്യയിൽ


കണ്ടു പിടിച്ച നാളുകളിൽതന്നെ സിനിമ ഇന്ത്യയിലെത്തിയതാണെങ്കിലും ഒരു കലാരൂപമെന്ന നിലയിൽ സിനിമയ്ക്ക് സ്ഥാനം ലഭിച്ചത് അടുത്തകാലത്താണ്. ക്രിസ്തുവിന്റെ ജീവചരിത്രം കണ്ട ദാദാ സാഹിബ് ഫാൽക്കെ അത്തരത്തിൽ ഒരു കൃഷ്ണചരിതമായാലെന്താ എന്നാലോചിക്കാൻ തുടങ്ങി. പക്ഷേ രാജാ ഹരിശ്ചന്ദ്രയാണ് നിർമിച്ചത്. ഇന്ത്യയിലെ ആദ്യത്തെ കഥാചിത്രമായിരുന്നു അത്. ശാന്താറാം, പി.സി. ബറുവ, ദേവകീബോസ് തുടങ്ങിയവർ ഇന്ത്യൻ സിനിമയുടെ നിശ്ശബ്ദകാലഘട്ടത്തിൽ പ്രവർത്തിച്ചവരാണ്. അർദീഷിർ ഇറാനിയുടെ ആലം ആറയാണ്(1931) ഇന്ത്യയിലെ ആദ്യത്തെ സംസാരിക്കുന്ന സിനിമ. ബോംബെയിലെ പ്രഭാതും രഞ്ജിത്തും കൽക്കട്ടയിലെ ന്യൂ തിയേറ്റേഴ്‌സും വഴിയാണ് മിക്ക ചിത്രങ്ങളും പുറത്തുവന്നിരുന്നത്. സംവിധായകരും ഇവരുമായി ബന്ധപ്പെട്ടാണ് പ്രവർത്തിച്ചിരുന്നത്. ശാന്താറാമും ബിമൽ റോയിയും ഗുരു ദത്തും ശ്രദ്ധാർഹങ്ങളായ ചില സാമൂഹ്യചിന്തകൾ ചലച്ചിത്രത്തിലൂടെ അവതരിപ്പിച്ചു. 1955-ൽ പുറത്തുവന്ന പഥേർ പാഞ്ചാലി ഇന്ത്യൻ സിനിമാസങ്കല്പങ്ങളെ ഇളക്കിമറിച്ചു. സത്യജിത് റായ് എന്ന സംവിധായകനെ ഇന്ത്യയ്ക്ക് ഈ ചിത്രം സംഭാവനചെയ്തു. റായിക്കു ശേഷം ഋത്വിക് ഘട്ടക്, മൃണാൾ സെൻ എന്നിവർ ഇന്ത്യൻ സിനിമയ്ക്ക് മഹത്തായ സംഭാവനകൾ നല്കി. എന്നാൽ ഇന്ത്യൻ സിനിമയുടെ ഏറ്റവും പുതിയ ചലനങ്ങൾ ഉണ്ടായത് എഴുപതുകളിലാണ്. മൃണാൾ സെന്നിന്റെ ഭുവൻഷോം ആണ് അതിന് തുടക്കമിട്ടതെന്ന് വേണമെങ്കിൽ പറയാം. മണി കൗൾ (ഉസ്കി റോട്ടി, ദുവിധ), കുമാർ സാഹ്‌നി (മായദർപൺ), അടൂർ ഗോപാലകൃഷ്ണൻ (സ്വയംവരം, കൊടിയേറ്റം, എലിപ്പത്തായം, അനന്തരം, കഥാപുരുഷൻ), ശ്യാം ബെനഗൽ (ആങ്കുർ), ഗിരീഷ് കർണാട് (കാട്), ബി.വി.കാരന്ത് (ചോമനദുഡി), ഗിരീഷ് കാസറവള്ളി(തബരനകഥെ), ഗൗതം ഘോഷ്, കേതൻമേത്ത, ഗോവിന്ദ് നിഹലാനി, അരവിന്ദൻ (പോക്കുവെയിൽ, തമ്പ്, എസ്തപ്പാൻ)-ഈ പട്ടിക വലുതാണ്. 1928-ലാണ് മലയാളത്തിലെ ആദ്യസിനിമ, വിഗതകുമാരൻ, പുറത്തിറങ്ങുന്നത്. പത്തു കൊല്ലം കഴിഞ്ഞപ്പോൾ ബാലൻ എന്ന ശബ്ദചിത്രവുമിറങ്ങി. ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ നിർമ്മിക്കുന്ന പ്രാദേശികഭാഷകളിലൊന്നാണ് മലയാളം. എഴുപതുകളുടെ തുടക്കത്തിലാണ് മലയാള സിനിമ ലോകസിനിമാ ഭൂപടത്തിൽ സ്ഥാനം പിടിക്കുന്നതും ഒരു സംഘടിതകല എന്ന അവസ്ഥയിൽനിന്ന് സംവിധായകന്റെ കല എന്ന നിലയിലേക്ക് ഉയർത്തപ്പെടുന്നതും. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈ ദശകത്തിൽ സംവിധായകർ ആഖ്യാനസമ്പ്രദായത്തിൽ വിപ്ലവം വിതച്ചു. അമ്പതുകളിൽ സത്യജിത്‌റായിയെ കേന്ദ്രീകരിച്ചാണ് വിപ്ലവം അരങ്ങേറിയതെങ്കിൽ എഴുപതുകളിൽ വിവിധ ദർശനങ്ങളുള്ള സംവിധായകരാണ് മാറ്റത്തിന് നേതൃത്വം നല്കിയത്. ശക്തമായ ഒരു ഫിലിം സൊസൈറ്റി പ്രസ്ഥാനം കേരളത്തിൽ തഴച്ചുവളർന്നത് ഉത്തമസിനിമയുടെ ആസ്വാദനത്തോടൊപ്പം അവയുടെ ജനനത്തിനും ഇടനല്കി. സത്യജിത്‌റായിക്കും മൃണാൾസെന്നിനും ശ്യാം ബെനഗലിനും ശേഷം ഇന്ന് ഇന്ത്യക്ക് പുറത്ത് അറിയപ്പെടുന്ന ചിത്രങ്ങൾ കേരളത്തിൽനിന്നാണുണ്ടാകുന്നത്.

No comments:

Post a Comment