Monday, August 23, 2010

കറുത്ത പുസ്തകത്തിലെ വെളിപാടുകള്‍


റഷ്യയില്‍ ലെനിന്‍ തൊഴിലാളിവര്‍ഗ സര്‍വാധിപത്യം തുടങ്ങിവെച്ച കാലത്ത് കമ്യൂണിസം ലോകമെങ്ങും ബുദ്ധിജീവികളുടെ ഹരമായിരുന്നു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിന്റെ സ്ഥാപകരില്‍പ്പെട്ട ബിയാട്രീസ്-സിഡ്‌നി വെബ് ദമ്പതിമാര്‍ പ്രസിദ്ധീകരിച്ച 1200 പേജുള്ള പുസ്തകത്തിന് അവരിട്ട പേര് 'സോവിയറ്റ് കമ്യൂണിസം -ഒരു പുതിയ നാഗരികത' എന്നാണ്. പിന്നീട് സ്റ്റാലിന്റെ ഭീകരഭരണത്തിന് കീഴില്‍ പട്ടിണിമരണം വ്യാപകമായപ്പോള്‍ ആ രാജ്യം സന്ദര്‍ശിച്ച ബര്‍ണാഡ്ഷാ അവിടെ കണ്ടത് അമിതഭക്ഷണം മൂലം തടിച്ചുകൊഴുത്ത മനുഷ്യരെ മാത്രമാണത്രേ. 1934-ല്‍ ഈ 'കക്ഷി'യെ നേരിട്ട് സന്ദര്‍ശിച്ച് സംഭാഷണം നടത്തിയശേഷം എച്ച്.ജി. വെല്‍സ് എഴുതി: ''സ്റ്റാലിനെപ്പോലെ ഉദാരശീലനും നീതിനിഷ്ഠനും സത്യസന്ധനുമായ വേറൊരു മനുഷ്യനെ ഈ ഭൂമുഖത്തൊരിടത്തും കണ്ടെത്താനാവില്ല.''

പ്രശസ്തരായ ഈ എഴുത്തുകാരെല്ലാം സത്യത്തില്‍ നിന്നു ഏറെ ദൂരത്തായിരുന്നു എന്ന് പില്‍ക്കാലപഠനങ്ങള്‍ വ്യക്തമാക്കി. അതൊന്നും തിരിച്ചറിയാനാവാത്തവിധം പ്രത്യയശാസ്ത്രതിമരം ബാധിച്ച കമ്യൂണിസ്റ്റുകാര്‍ ഇന്ന് കേരളത്തിലും ബംഗാളിലും മാത്രമേയുള്ളൂ. കടുത്ത കമ്യൂണിസവിരോധത്തിന്റെ ഫലമാണ് ഇതുപോലുള്ള നിരീക്ഷണങ്ങള്‍ എന്നുപറയുന്നവര്‍ ധാരാളമുണ്ടാവും. കമ്യൂണിസത്തെപ്പറ്റി കേരളീയര്‍ക്കുള്ള അറിവ് മുഴുവനും തന്നെ സോവിയറ്റ് യൂണിയന്റെ പ്രാബല്യകാലത്ത് പാര്‍ട്ടി മാധ്യമങ്ങളിലൂടെയും സഹയാത്രികരിലൂടെയും കൈവന്നതത്രെ. അവയില്‍ പൊതുവെ പാര്‍ട്ടിയും അതിന്റെ പ്രവര്‍ത്തനങ്ങളും അത്യാകഷര്‍കങ്ങളായി ചിത്രീകരിക്കപ്പെട്ടിരുന്നു.

മാര്‍ക്‌സ്-ലെനിന്‍-സ്റ്റാലിന്‍-മാവോമാരും അവരുടെ പിന്‍ഗാമികളും ചെയ്തുകൂട്ടിയ വന്‍കാര്യങ്ങളുടെ സഞ്ചിതചരിത്രം ഈയിടെ പുസ്തകരൂപത്തില്‍ പുറത്തുവന്നു. കമ്യൂണിസത്തോട് കടുത്ത വിരോധമോ അന്ധമായ ആരാധനാഭാവമോ പുലര്‍ത്തുന്നവരല്ല ഗ്രന്ഥകര്‍ത്താക്കള്‍. മുന്‍വിധികള്‍ക്ക് വഴിപ്പെടാതെ വസ്തുനിഷ്ഠവും സത്യസന്ധവുമായ രീതിയില്‍ വിവരങ്ങള്‍ ശേഖരിച്ച് അനുവാചകസമക്ഷം അവതരിപ്പിക്കുന്ന വിശിഷ്ട കൃതിയാണത്. പ്രശസ്ത പണ്ഡിതന്മാരായ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍മാരാണ് അക്കാര്യം നിര്‍വഹിച്ചത്. റഷ്യ, പോളണ്ട്, ഹംഗറി തുടങ്ങി ചൈനയും വിയറ്റ്‌നാമും ക്യൂബയും ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ നടന്ന യഥാര്‍ഥ സംഭവങ്ങളുടെ ആകെത്തുകയാണ് 'കമ്യൂണിസത്തിന്റെ കറുത്ത പുസ്തകം' The Black Book of Communism'. ഫ്രാന്‍സിലെ ശാസ്ത്രീയ ഗവേഷണ ദേശീയ കേന്ദ്രം ഡയറക്ടറും 'കമ്യൂണിസം' എന്ന ഫ്രഞ്ച് മാസികയുടെ പത്രാധിപരുമായ സ്റ്റെഫാന്‍ കുര്‍ത്വാ, സോവിയറ്റ് യൂണിയന്റെ ചരിത്രത്തില്‍ സവിശേഷപാണ്ഡിത്യം നേടിയ നിക്കൊളാസ് വേര്‍ത്ത്, ദേശാന്തരീയ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഐച്ഛികമായെടുത്തുപഠിച്ച ഷാന്‍ലൂയിപനേ, പോളിഷ് അക്കാദമി ഓഫ് സയന്‍സസിന്റെ ഉപാധ്യക്ഷനും ആഭ്യന്തരവകുപ്പിന്റെ പുരാരേഖാ കമ്മീഷന്‍ അംഗവുമായ അന്ത്രേജ് പാകേ്‌സാസ്‌കി തുടങ്ങിയ പതിനൊന്നു പ്രസിദ്ധരായ എഴുത്തുകാര്‍ സഹകരിച്ച് രചിച്ച പുസ്തകമാണിത്.

മിഖായേല്‍ ഗോര്‍ബച്ചേവിന്റെ രംഗപ്രവേശത്തെത്തുടര്‍ന്ന് 1989ന് സോവിയറ്റ് സ്വേച്ഛാധിപത്യം തകര്‍ന്നടിഞ്ഞ പ്പോള്‍ അന്നുവരെ രഹസ്യഅറകളില്‍ സൂക്ഷിച്ചിരുന്ന പോലീസ് വകുപ്പിന്റെ ഔദ്യോഗിക രേഖകള്‍ ചരിത്രഗവേഷകര്‍ക്ക് ലഭ്യമായി. അവയില്‍നിന്ന് ശേഖരിച്ച വിവരങ്ങളാണ് ഈ കൃതിക്ക് അഭൂതപൂര്‍വമായ വിശ്വാസ്യതയും ആധികാരികതയും നല്‍കുന്നത്.

മൂലകൃതി ഫ്രഞ്ചില്‍നിന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത് ജോനാഥന്‍ മര്‍ഫി, മാര്‍ക്ക് ക്രീമര്‍ എന്നിവരത്രേ. ഹാവാര്‍ഡ്-കേംബ്രിജ് സര്‍വകലാശാലകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് അത് പ്രസിദ്ധീകരിക്കപ്പട്ടത്. 1917 ലെ ഒക്ടോബര്‍ വിപ്ലവം മുതല്‍ 1989ല്‍ അഫ്ഗാനിസ്താനിലുണ്ടായ സോവിയറ്റ് ആധിപത്യത്തിന്റെ പതനംവരെയുള്ള ഏഴ് പതിറ്റാണ്ടുകള്‍ക്കുള്ളില്‍ മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റുകള്‍ ചെയ്തുകൂട്ടിയ കൊടും പാതകങ്ങളുടെയും ഭീകരതയുടെയും അടിച്ചമര്‍ത്തലിന്റെയും വിവരമാണതെന്ന് മാര്‍ട്ടിന്‍ മാലിയ അവതാരികയില്‍ പറയുന്നു. 'ഭൂഖണ്ഡാത്മകമാനങ്ങളാര്‍ന്ന വന്‍ദുരന്തം' എന്നാണ് കുര്‍ത്വാ കമ്യൂണിസത്തെ വിശേഷിപ്പിക്കുന്നത്. അത് തുറന്നുവിട്ട ഭീകരതയ്ക്ക് ഇരയായിത്തീര്‍ന്നവരുടെ ആകെ സംഖ്യ എട്ടരക്കോടിക്കും പത്തുകോടിക്കും ഇടയിലത്രേ. മനുഷ്യരാശിയുടെ നീണ്ട ചരിത്രത്തില്‍ ഇത്ര വമ്പിച്ച വേറൊരു രാഷ്ട്രീയ നരഹത്യ നടന്നിട്ടില്ല. പുസ്തകം പുറത്തുവന്നപ്പോഴാണ് ഈ വസ്തുക്കളെല്ലാം ആദ്യമായെന്നോണം ഫ്രഞ്ചുകാരുടെ ബോധതലത്തില്‍ ആഴ്ന്നിറങ്ങിയത്. അതിന്റെ ഫലമായി വാദപ്രതിവാദങ്ങളുടെ ഒരു വന്‍ സുനാമിതന്നെ പെട്ടെന്നുയര്‍ന്ന് ഫ്രാന്‍സിലെങ്ങും കോളിളക്കം സൃഷ്ടിച്ചു.

കമ്യൂണിസം എന്ന ദുരന്തത്തിന്റെ സ്‌തോഭജനകമായ വിശദാംശങ്ങള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രം പഠിച്ചിട്ടുള്ളവര്‍ക്ക് അജ്ഞാതമായിരുന്നില്ല. സ്റ്റാലിന്റെ ഗുലാഗുകള്‍, മാവോയുടെ സാംസ്‌കാരിക വിപ്ലവം, പോള്‍പോട്ടിന്റെ ഖെമര്‍ റൂഷ്, കമ്പോഡിയ, വിയറ്റ്‌നാം, ക്യൂബ, എത്യോപ്യ എന്നീ രാഷ്ട്രങ്ങളില്‍ നടന്ന കൂട്ടക്കൊലകള്‍ എത്ര പെട്ടെന്നാണ് ലോകജനത അതെല്ലാം മറന്നുകളഞ്ഞത്. മനുഷ്യന്റെ ഓര്‍മശക്തിക്ക് ദീര്‍ഘകാലം താങ്ങാനാവാത്ത ഞെട്ടലും നൊമ്പരവും പേറുന്ന വിവരങ്ങളാണവ.നാസിസത്തിന്റെ പേരില്‍ ഹിറ്റ്‌ലര്‍ കൊന്നത് രണ്ടരക്കോടി മനുഷ്യരെയത്രേ. പത്തുകൊല്ലമേ അത് ജീവിച്ചുള്ളൂ. നാസിസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ മാത്രമേ പത്തുകോടി ജനങ്ങളെ നിഷ്‌കരുണം ഉന്മൂലനം ചെയ്തശേഷം ഇന്നും ജീവനോടെ അവശേഷിക്കുന്ന കമൂണിസം എത്ര വിചിത്രമായ സാമൂഹിക-രാഷ്ട്രീയ പ്രതിഭാസമാണെന്ന് തിരിച്ചറിയാനാവൂ.

ഇന്ത്യയ്ക്ക് ഗാന്ധിജി നല്കിയതിന് സമാനമായ നേതൃത്വമാണ് ലെനിന്‍ റഷ്യയ്ക്ക് നല്കിയത് എന്ന് വി.ആര്‍. കൃഷ്ണയ്യര്‍ ഉള്‍പ്പെടെയുള്ള ഇടതുപക്ഷസഹയാത്രികര്‍ ഇവിടെ പറഞ്ഞുപരത്തി. ഗാന്ധിജിയെപ്പോലെ ലെനിനും അഹിംസയുടെ അപ്പോസ്തലന്‍ ആയിരുന്നുവെന്ന നുണക്കഥയ്ക്ക് ജനപ്രിയരൂപം നല്‍കി അവതരിപ്പിക്കാനും അവര്‍ക്ക് കഴിഞ്ഞു. അത്തരം ധാരണകളുടെ പൊള്ളത്തമാണ് ഈ നവഗ്രന്ഥം മറനീക്കിക്കാട്ടുന്നത്.

1918 മാര്‍ച്ചില്‍ ലെനിന്റെ ദുര്‍ഭരണം ആറുമാസം തികയ്ക്കുന്നതിന് മുമ്പുതന്നെ ആയിരക്കണക്കിന് റഷ്യന്‍ പൗരന്മാരെ രഹസ്യപ്പോലീസും പട്ടാളവും ചേര്‍ന്ന് കൊന്നൊടുക്കിയിരുന്നു. പണ്ടത്തെ സാര്‍ ചക്രവര്‍ത്തിമാരുടെ ദീര്‍ഘമായ ചരിത്രത്തിലാകെ വധശിക്ഷയ്ക്ക് വിധേയരായതിനേക്കാളുമധികം മനുഷ്യരെയാണ് ലെനിന്‍ ആറുമാസത്തിനുള്ള വകവരുത്തിയത്. ''തൊഴിലാളി വര്‍ഗ സര്‍വാധിപത്യത്തിന്റെ ഉരുക്കുമുഷ്ടി എന്ന പേരിലാണ് ലെനിന്‍ നേരിട്ട് രൂപപ്പെടുത്തിയ അധികാര സംവിധാനം (കമാന്‍ഡന്റ് സ്ട്രക്ചര്‍) അറിയപ്പെട്ടത്. ആ ഭീകര മര്‍ദനയന്ത്രം സ്റ്റാലിനും അതേപടി നിലനിര്‍ത്തി. 1922നും 1933നും ഇടയ്ക്ക് സ്റ്റാലിന്‍ മനപ്പൂര്‍വം സൃഷ്ടിച്ച ഭക്ഷ്യക്ഷാമത്തില്‍ മരണമടഞ്ഞത് 60 ലക്ഷം റഷ്യന്‍ പൗരന്മാരാണ്. കൊസാക്കുകള്‍, കുലാക്കുകള്‍, മൂരാച്ചികള്‍, ബൂര്‍ഷ്വാകള്‍ എന്നിങ്ങനെ ജനങ്ങളെ തരംതിരിച്ച് അവയില്‍ ഏതെങ്കിലുമൊരു വിഭാഗത്തില്‍പ്പെടുന്നതുതന്നെ കനത്ത കുറ്റമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു കൂട്ടക്കൊല.

നാസിസം ജര്‍മനിയില്‍ പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പ് റഷ്യയില്‍ ആരംഭിച്ച കമ്യൂണിസം നാസികളുടെ പതനത്തിനുശേഷവും അധികാരത്തില്‍ തുടര്‍ന്നു. മറ്റു പല ഭൂഖണ്ഡങ്ങളിലേക്കും വ്യാപിക്കുകയും ചെയ്തു. രണ്ടും അധര്‍മത്തില്‍ തഴച്ചുവളര്‍ന്ന പ്രസ്ഥാനങ്ങളാണെങ്കിലും കമ്യൂണിസത്തിന്റെ മുമ്പില്‍ നാസിസം താരതമ്യേന ചെറുതാണെന്ന് കുര്‍ത്വ നിരീക്ഷിക്കുന്നു. 

കമ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴില്‍ കൊല്ലപ്പെട്ടവരുടെയും പട്ടിണിമരണത്തിന് വിധേയരായവരുടെയും കൃത്യമായ കണക്ക് ഇപ്പോഴും വിവാദ വിഷയമാണ്. 'കറുത്ത പുസ്തക'ത്തില്‍ കൊടുത്തിരിക്കുന്നതിനേക്കാളേറെപ്പേരാണ് ബലിയാടുകളായതെന്നു ചില ചരിത്രകാരന്മാര്‍ അവകാശപ്പെടുന്നു; മറ്റു ചിലര്‍ നേരെ മറിച്ചും. റഷ്യയിലെ ഭക്ഷ്യക്ഷാമം സ്റ്റാലിന്‍ മനഃപൂര്‍വം സൃഷ്ടിച്ചതാണെന്നാണ് 'കറുത്തപുസ്തക'ത്തിലെ സാക്ഷ്യം. മനഃപൂര്‍വം ഉണ്ടാക്കിയതല്ല, മറിച്ച് സോവിയറ്റ് ഭരണകൂടത്തിന്റെ മണ്ടത്തരവും കെടുകാര്യസ്ഥതയും മൂലമുണ്ടായതാണ് അതെന്ന് ചരിത്രകാരനായ ആര്‍ക്‌ഗേറ്റി അഭിപ്രായപ്പെടുന്നു. ഭക്ഷ്യക്ഷാമം സ്റ്റാലിന്‍ മനഃപൂര്‍വം സൃഷ്ടിച്ചത് തന്നെയെന്നാണ് 'ദി ഗ്രേറ്റ് ടെറര്‍' എന്ന വിശ്രുത ഗ്രന്ഥത്തിന്റെ കര്‍ത്താവ് റോബര്‍ട്ട് കോണ്‍ക്വസ്റ്റിന്റെ അഭിമതം.

ഇരുവ്യവസ്ഥിതിയിലും നരഹത്യ വ്യാപകമായും നിരന്തരമായും നടന്നു. അഞ്ചോ പത്തോ ലക്ഷമല്ല, കോടിക്കണക്കിന് മനുഷ്യരാണ് നാസി ജര്‍മനിയിലും കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലും കൊല്ലപ്പെട്ടത്. നാസിസത്തിലെന്നപോലെ കമ്യൂണിസത്തിലും വ്യക്തികളുടെ കുറ്റകൃത്യങ്ങളെന്നതിലേറെ വ്യവസ്ഥിതിയുടെ പ്രത്യക്ഷ ഫലങ്ങളാണവ. 858 പേജ് ദൈര്‍ഘ്യവും ഒന്നരക്കിലോ തൂക്കവുമുള്ള ഈ ബൃഹദ്ഗ്രന്ഥത്തിലൊരിടത്തും ഇന്ത്യയോ കേരളമോ പരാമര്‍ശിക്കപ്പെടുന്നില്ല. 823 മുതല്‍ 856 വരെ നീളുന്ന വിഷയസൂചികയില്‍ ബഹുഗ്ഗതം വ്യക്തിനാമങ്ങളും സ്ഥലനാമങ്ങളും ചേര്‍ത്തിട്ടുണ്ടെങ്കിലും ഇന്ത്യയോ കേരളമോ ഇ.എം.എസ്സോ എ.കെ.ജി.യോ അക്കൂട്ടത്തിലില്ല. അവരെ വിട്ടുകളയാനുള്ള കാരണം വ്യക്തമാക്കിയിട്ടുമില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി പരമാധികാരത്തോടെ ഭരണംനടത്തിയിട്ടുള്ള പ്രദേശങ്ങള്‍ മാത്രമേ ഗ്രന്ഥകാരന്മാര്‍ പരിഗണിച്ചിട്ടുള്ളൂവെന്നുവരാം. ലെനിന്‍-സ്റ്റാലിന്‍-മാവോമാരുടെ മുമ്പില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുകാര്‍ വെറും വട്ടപ്പൂജ്യങ്ങളാണെന്ന് പാശ്ചാത്യപണ്ഡിതര്‍ തെറ്റിദ്ധരിച്ചതാവാനും ഇടയുണ്ട്. ഏതായാലും 'വിമോചന സമരത്തിന്റെ കാണാപ്പുറങ്ങള്‍' എഴുതിയ ഡോക്ടര്‍ തോമസ് ഐസക്കിന്റെ സൂക്ഷ്മദൃഷ്ടിയില്‍പ്പെട്ട സി.ഐ.എ. ബന്ധവും കോടിക്കണക്കിന് ഡോളറിന്റെ കൈമാറ്റവുമൊന്നും ഈ പുസ്തകത്തില്‍ ഇടംനേടിയില്ലെന്നത് കൗതുകാവഹംതന്നെ.

No comments:

Post a Comment