Monday, August 23, 2010

കോടിയുടെ വില്ലയും ജോബിയുടെ ദുഃഖവും

കഷ്‌ടം... അല്ലാതെന്തു പറയാന്‍. ഐഡിയാ സ്‌റ്റാര്‍ സിങര്‍ എന്ന ബ്രഹ്‌മാണ്ഡ റിയാലിറ്റി ഷോയിലൂടെ കോടി വിലയുള്ള വീടു സ്വന്തമാക്കിയ ജോബി ജോണ്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച്‌ ഇ മെയിലില്‍ ലഭിച്ച ഒരു വാര്‍ത്ത വായിച്ചപ്പോള്‍ കഷ്‌ടകാലന്റെ മനസില്‍ തോന്നിയത്‌ ഇങ്ങനെയാണ്‌. ഒരു കോടി രൂപയുടെ വീട്ടില്‍ കഴിയാന്‍ ജോബിക്ക്‌ ഇനിയും 40 ലക്ഷത്തോളം രൂപ മുടക്കേണ്ടതുണ്ട്‌ എന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. കുടിലില്‍നിന്ന്‌ കൊട്ടാരത്തിലേക്ക്‌ ജോബി പൊരുതിക്കയറിയതു കണ്ട്‌ ആഹ്‌ളാദിച്ച മലയാളി പ്രേക്ഷകര്‍ക്ക്‌ ദുഃഖം നല്‍കുന്നതാണ്‌ ജോബിയുടെ ഇപ്പോഴത്തെ പ്രതിസന്ധിയെന്ന്‌ പറയാതെ വയ്യ. 

കോഴിക്കോട്‌ തൊട്ടില്‍പ്പാലത്തിനടുത്ത്‌ ചാപ്പാംതോട്ടമെന്ന ഗ്രാമത്തില്‍ ഒരു ചെറിയ കുടിലാണ്‌ ജോബിയുടെ വീട്‌. അതിനടുത്തു തന്നെ സുഹൃത്തുക്കളുടെയും പഞ്ചായത്തിന്റെയും സഹായത്തോടെ പിന്നീട്‌ ഒരു വീട്‌ ജോബിയ്‌ക്ക് ലഭിച്ചു. അങ്ങനെയുള്ള ജോബി ഏഷ്യാനെറ്റിലെ സ്‌റ്റാര്‍ സിംഗര്‍ സീസണ്‍ ഫോറില്‍ അഞ്ചു ലക്ഷത്തില്‍പരം എസ്‌എംഎസുകളും നല്ല മാര്‍ക്കും നേടിയാണ്‌ ഗ്രാന്‍ഡ്‌ ഫിനാലെയില്‍ ജേതാവായത്‌. വീടുപോലും സ്വന്തമായില്ലാതെ കഷ്‌ടപ്പാടിന്റെയും ബുദ്ധിമുട്ടുകളുടെയും ഇടയില്‍ നിന്നാണ്‌ ജോബി സ്‌റ്റാര്‍ സിംഗറില്‍ പാടാന്‍ വന്നത്‌. മത്സരശേഷം ഒരുകോടി രൂപയുടെ വീടിന്റെ രേഖകള്‍ സ്‌റ്റാര്‍സിംഗര്‍ സ്‌പോണ്‍സറായ ട്രാവന്‍കൂര്‍ ബില്‍ഡേഴ്‌സ് പ്രതിനിധിയുടെ കൈയില്‍ നിന്ന്‌ ഗ്രാന്റ്‌ ഫിനാലെ വേദിയില്‍ ജോബി ഏറ്റുവാങ്ങി. പക്ഷേ ആ വീട്ടില്‍ താമസമാക്കണമെങ്കില്‍ രജിസ്‌ട്രേഷനും ടാക്‌സുമൊക്കെയായി 40 ലക്ഷം രൂപ ജോബി അടയ്‌ക്കണം. 

സമ്പന്നര്‍ക്കു തന്നെ 40 ലക്ഷം രൂപ വലിയ തുകയാണ്‌. അപ്പോഴാണ്‌ കൂലിപ്പണിക്കാരനായ ഒരു യുവാവിന്‌ ഇത്‌ കണ്ടെത്താനാകുമോ എന്ന ചോദ്യം ഉയരുന്നത്‌. കൊട്ടിഘോഷിച്ചു ഫൈനല്‍ നടത്തി ചാനലും സമ്മാനം നല്‍കി ട്രാവന്‍കൂര്‍ ബില്‍ഡേഴ്‌സും അവരുടെ ഉത്തരവാദിത്തം നിറവേറ്റിയെന്ന്‌ അഹങ്കരിക്കുന്നതിനിടയില്‍ ഈ കാഴ്‌ച കണ്ടില്ലെന്നു നടക്കുന്നത്‌ ശരിയാണോ.? അല്ലെന്നാണ്‌ കഷ്‌ടകാലന്‌ തോന്നുന്നത്‌. ചാനലിനും സ്‌പോണ്‍സര്‍ക്കും ഇക്കാര്യത്തില്‍ ഒരു ഉത്തരവാദിത്തവും ഇല്ലേ? 

എസ്‌എംഎസ്‌കള്‍ വഴി ലക്ഷക്കണക്കിന്‌ രൂപ ജോബി ചാനലിനും മറ്റും നേടിക്കൊടുത്തിട്ടുണ്ട്‌. ഒരു എസ്‌എംഎസിന്‌ മൂന്നു രൂപയാണത്രേ. അങ്ങനെയെങ്കില്‍ ഫൈനലിന്‌ മാത്രം ജോബിയുടെ പേരില്‍ 15 ലക്ഷത്തില്‍ ഏറെ രൂപയുടെ എസ്‌എംഎസ്‌ വന്നിട്ടുണ്ട്‌. ഒരു സീസണ്‍ മുഴുവന്‍ എത്തിയ എസ്‌എംഎസിന്റെ കണക്കു നോക്കിയാല്‍ ഇതു ചിലപ്പോള്‍ ഒരു കോടി കവിയുകയില്ലേ? അതില്‍നിന്ന്‌ കുറച്ചൊരു തുക ജോബി നല്‍കി സഹായിക്കാന്‍ ചാനല്‍ മുന്നോട്ടുവരേണ്ടതില്ലേ? ഏഷ്യാനെറ്റും ട്രാവന്‍കൂര്‍ ബില്‍ഡേഴ്‌സും ഇക്കാര്യത്തേക്കുറിച്ച്‌ പിന്നീട്‌ സംസാരിക്കാമെന്ന്‌ സമ്മതിച്ചതായാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. 

No comments:

Post a Comment